ദൈവാശ്രയത്തെപ്പറ്റി ചിന്തിക്കുക്കുമ്പോൾ 3 ചിത്രങ്ങളാണ് മനസ്സിലേക്ക് വരുന്നത് . ആദ്യത്തേത് ദൈവഭക്തനായ ഒരു മനുഷ്യൻ ആണ്.
തൻ്റെ ഏല്ലാ സമ്പത്സമൃദ്ധിക്കും കാരണം ദൈവമാണെന്നും നാളെ തൻ്റെ ജീവിതം ദൈവകരകളിലാണെന്നും കരുതുന്ന അയാളുടെ മനോഭാവം ദൈവാശ്രയത്വത്തിൻ്റെ ഒരു ചിത്രം വരച്ചുകാട്ടുന്നു. സമൃദ്ധിയുടെ നടുവിൽനിന്നും ഉയരുന്ന ഒരു ദൈവാശ്രയബോധമാണിത്. രണ്ടാമത്തെ ചിത്രം, ദൈവത്തിനുവേണ്ടി സ്വന്തമായതെല്ലാം ഉപേക്ഷിച്ചുകൊണ്ട് നഗരത്തിലെ നാല്കവലകളിലും ഗ്രാമത്തിലെ പുറമ്പോക്കുകളിലും കൈ നീട്ടി ഭിക്ഷ യാചിക്കുന്ന ഒരു സന്യാസിയുടെ ചിത്രമാണ്. തനിക്കു ലഭിക്കുന്നതിലെല്ലാം ദൈവകരം കാണുകയും നാളെയെക്കുറിച്ചുള്ള വ്യഗ്രതകളെല്ലാം ദൈവകരങ്ങളിൽ അർപ്പിക്കുകയും ചെയ്യുന്ന ആ സന്യാസിയുടെ മനോഭാവം ദൈവാശ്രയത്വത്തിൻ്റെ മറ്റൊരു ചിത്രം വരച്ചുകാട്ടുന്നു. മൂന്നാമത്തെ ചിത്രം മറ്റൊന്നാണ്. അന്ധകാരനിബിഡമായ വനാന്തരത്തിനുള്ളിൽ, വന്യമൃഗങ്ങളുടെ ശബ്ദങ്ങൾക്കു നടുവിൽ മനുഷ്യരുടെ സഹായഹസ്തങ്ങൾ നിഷേധിക്കപ്പെട്ടിട്ടും, ആകാശങ്ങളിലേക്ക് കരങ്ങളുയർത്തിനിൽക്കുന്ന ഒരു ആത്മാവിന്റെ ചിത്രമാണ് അത് . ഇല്ലായ്മയിൽനിന്നും ഉയരുന്ന ദൈവാശ്രയബോധമാണിത്.
നമ്മുടെ പ്രിയ വിശുദ്ധയായ കൊച്ചുത്രേസ്യായുടെ ജീവിതത്തിൽ ഈ മൂന്ന് ദൈവാശ്രയമനോഭാവങ്ങളും മാറിമാറി തെളിയുന്നതുകാണാം . സമൃദ്ധിയുടെ നടുവിലും കുറവുകൾക്കു നടുവിലും ഇല്ലായ്മയുടെ നടുവിലും അവൾ ദൈവത്തിൽ ആശ്രയിച്ചു. സ്വഗീയസ്നേഹം തുളുമ്പുന്ന ഭവനത്തിൽ, തൻ്റെ രാജാവിൻ്റെയും ചേച്ചിമാരുടെയും പരിലാളനങ്ങൾ ഏറ്റുവാങ്ങി വളർന്ന അവൾ തൻ്റെ ജീവചരിത്രം ആരംഭിക്കുന്നതുതന്നെ ദൈവത്തിന്റെ കരുണയുടെ കീർത്തനം ആലപിച്ചുകൊണ്ടാണ്. ദൈവം തനിക്കു നൽകിയ നിരവധിയായ കൃപകളുടെ സമൃദ്ധിക്ക് നടുവിൽ നിന്ന് അവൾ ദൈവകീർത്തനം ആലപിക്കുന്നു. എന്നാൽ അവളുടെ മുൻപോട്ടുള്ള ജീവിതത്തിൽ ഭിക്ഷുവായ സന്യാസിയുടെ മനോഭാവത്തോടെ, അപ്രതീക്ഷിതമായ ജീവിതസാഹചര്യങ്ങളും അനുഭവങ്ങളിലും കുറവുകളിലും ദൈവകരങ്ങൾ ദർശിച്ചുകൊണ്ട് ദൈവാശ്രയത്തോടെ അവൾ മുൻപോട്ടു നീങ്ങി. എന്നാൽ അവളെ പിന്നീട് കാത്തിരുന്നത് അന്ധകാരനിബിഢമായ ഒരു വനരാത്രി ആയിരുന്നു. വലിയ ശക്തിയോടെ നിരാശയിലേക്ക് അവളെ തള്ളിയിടാൻ പോന്നതായിരുന്നു ഈ പരീക്ഷണകാലം. എന്നാൽ അവൾ തൻ്റെ ദൈവത്തെ മുറുകെ പിടിച്ചു. വനത്തിനുള്ളിലെ വന്യമൃഗങ്ങളുട ശബ്ദം പോലെ അവളുടെ ബലഹീനതകളും അപൂർണതകളുമെല്ലാം നിരാശയുടെ ശബ്ദമായി അവളുടെകാതുകളിൽ മുഴങ്ങിക്കൊണ്ടിരുന്നു .എന്നാൽ അവൾ പതറിയില്ല .കാരണം അവളുടെ പ്രത്യാശ ദൈവത്തിലായിരുന്നു .അവളുടെ സ്വന്തം വാക്കുകളിൽ നിന്നും ഇവ വ്യക്തമാണ് .കഴുകനെ പോലെ കണ്ണും ഹൃദയവുമുള്ള ഒരു കുഞ്ഞിക്കിളിയോട് അവൾ തന്നെത്തന്നെ ഉപമിക്കുന്നു .തൻ്റെ ബലഹീനപ്രകൃതിയിലും സൂര്യനിലേയ്ക്ക് ഉറ്റുനോക്കിക്കൊണ്ട് പറന്നുയരാൻ ആഗ്രഹിക്കുന്ന കുഞ്ഞിക്കിളിയുടെ പ്രത്യാശയോട് അവൾ തൻ്റെ ശിശുസഹജമായ ദൈവാശ്രയബോധത്തെ ഉപമിക്കുന്നു .വിശുദ്ധയാകുന്നതിനുള്ള അതിയായ ആഗ്രഹം അവൾക്കുണ്ടായിരുന്നു എന്നാൽ തൻ്റെ അപൂർണ്ണതകളെപ്രതി ബോധവതിയായിരുന്ന അവൾ പറഞ്ഞു ''എൻ്റെ യോഗ്യതകളിൽ ആശ്രയിക്കാൻ എനിക്ക് ഒന്നുമില്ല എന്നാൽ നന്മയും വിശുദ്ധിയും നിറഞ്ഞ ദൈവത്തിൽ ഞാൻ പ്രതീക്ഷ അർപ്പിക്കുന്നു അവനാണ് എന്നെ ഒരു .വിശുദ്ധയാക്കുന്നത്. ഈ വാക്കുകൾ അവളുടെആഴമായ ദൈവാശ്രയബോധത്തിലേക്ക് വിരൽ ചൂണ്ടുന്നു. തലോടലുകളിൽ മാത്രമല്ല പ്രഹരങ്ങളിലും അവൾ ദൈവകരം തിരിച്ചറിഞ്ഞു .അവൾ പറയുന്നു ''ഓ ഈശോ! അങ്ങയുടെ പ്രഹരങ്ങളെ ഞാൻ ഭയപ്പെടുന്നില്ല .വേദനകളുടെ മൂർച്ച കൂടുമ്പോൾ മനസ്സിലാകും ,പ്രഹരിക്കുന്ന കരം സ്നേഹിക്കുന്നആളുടെയാണെന്നു .''അപരിചിതനായി കാണപ്പെട്ട യേശുവിനെ നോക്കി യേശു സ്നേഹിച്ചിരുന്ന ശിഷ്യൻ വിളിച്ചു പറഞ്ഞു ,''അത് കർത്താവാണ്.''ഈ ശിഷ്യനെ പോലെ ഈശോയുടെ ചെറുപുഷ്പം അതിനു ലഭിച്ച എല്ലാ തലോടലുകളെയും പ്രഹരങ്ങളേയും നോക്കി വിളിച്ചു പറഞ്ഞു ,''ഇത് കർത്താവാണ്,''ഇത് എന്നെ സ്നേഹിക്കുന്ന ആളുടെ കരങ്ങളാണ് .'' ഈ കരങ്ങളിൽ അവൾ ഭയമില്ലാതെ ഇപ്പോഴും ഓടിയണഞ്ഞിരുന്നു.
സഹായങ്ങൾ നിഷേധിക്കപ്പെടുന്ന വനാന്തരത്തിൽ അകപ്പെട്ടതുപോലെ, ആത്മീയപിതാക്കന്മാരുടെ സഹായഹസ്തം പോലും അവൾക്കു നിഷേധിക്കപ്പെട്ടു. ഒരു വൈദികൻ അല്പം ആശ്വാസം നൽകിയതൊഴികെ ആരും വേണ്ടവിധം അവളെ മനസിലാക്കിയതില്ല. ജീവശ്വാസം പോലെ കുഞ്ഞുന്നാൾ മുതൽ അവൾ ശ്വസിച്ചിരുന്ന വിശ്വാസം പരീക്ഷിക്കപ്പെട്ടു.
"എൻ്റെ കണ്ണിൽനിന്നും സൂര്യൻ മറയ്ക്കപ്പെട്ടങ്കിലും എൻ്റെ ജീവനായ സൂര്യൻ അസ്തമിച്ചിട്ടില്ല. അവനിപ്പോഴും പ്രകാശിക്കുന്നു. എൻ്റെ ആത്മാവിന് ഉള്ളറയിലെ ചന്ദ്രികയെ പ്രകാശിപ്പിക്കുന്നു." നിസ്സഹായതയുടെയും ക്ലേശങ്ങളുടെയും ഇല്ലായ്മയുടെയും നടുവിൽ നിന്നും ഉയരുന്ന ആഴമേറിയ ഒരു ദൈവാശ്രയബോധ്യമാണ് അവസാനദിവസങ്ങളിൽ അവളിൽ കാണുവാൻ സാധിച്ചത്.
കൂരിരുളിനു നടുവിലും സൂര്യൻ അസ്തമിക്കാത്ത സ്വർഗീയ ജറുസലേമിൽ അവൾ വിശ്വസിച്ചു. സ്വർഗ്ഗീയ നഗരത്തിലെ ദീപമായവനിൽ അവൾ പ്രത്യാശ അർപ്പിച്ചു.
"നഗരത്തിനു പ്രകാശം നല്കാൻ സൂര്യൻ്റെയോ ചന്ദ്രൻ്റെയോ ആവശ്യമുണ്ടായിരുന്നില്ല. ദൈവതേജസ് അതിനെ പ്രകാശിപ്പിച്ചു. അതിൻ്റെ ദീപം കുഞ്ഞാടാണ്. ( വെളിപാട് :21 : 23, 24 )
കൊച്ചുത്രേസ്യയോടൊപ്പം സ്നേഹദീപമായവനിൽ നമുക്കും പ്രത്യാശ അർപ്പിക്കാം. സൂര്യൻ അസ്തമിക്കാത്ത ആ സ്വർഗീയ ജെറുസലെമിനായി കാത്തിരിക്കാം .
Share Your Prayer
Everyday we raise our prayers before the Blessed Sacrament for everyone who request our prayers through post, phone, e-mail, fax and social media.